Annayum Rasoolum Movie Review

മനോഹരമായ ഫോര്‍ട്ടുകൊച്ചിയുടെ പശ്ചാത്തലത്തില്‍ അതിഭാവുകത്വങ്ങളില്ലാതെ നമ്മള്‍ക്കിടയില്‍ സംഭവിക്കുന്ന പ്രണയത്തിന്റെ കഥയാണ് അന്നയും റസൂലും. കൊട്ടിഘോഷിക്കപ്പെടുന്ന വാചാലമായ പ്രണയങ്ങളില്‍ നിന്നും വ്യതിചലിച്ച് കണ്ണുകൊണ്ടും കരളുകൊണ്ടും കഥപറയുകയാണ് സംവിധായകന്‍. ഈ ചിത്രത്തിലൂടെ തീര്‍ത്തും സാധാരണക്കാരായ ഒരു പറ്റം ആളുകള്‍ക്കിടയില്‍ സംഭവിക്കുന്ന ചില കാഴ്ച്ചകളിലൂടെയാണ് കഥ തുടങ്ങുന്നത്. മനോഹരമായ ദൃശ്യങ്ങളാല്‍ പതിയെ പറഞ്ഞു തുടങ്ങുന്ന കഥ അന്നയുടെയും റസൂലിന്റെയും ജീവിതത്തിലേക്ക് എത്തുന്നിടത്തുവച്ച് തീവ്രമാവുകയാണ്. സ്ഥിരം ഫോര്‍മാറ്റുകളിലെ പ്രണയകാഴ്കളില്‍ കുരുങ്ങാതെ ഉള്ളിനുള്ളില്‍ കരുതിവച്ച പ്രണയത്തിന്റെ നനുത്ത സുഖസ്പര്‍ശമാണ് ചിത്രത്തിന്റെ ആദ്യ പകുതി. ഡ്രൈവറായ റസൂലും ടെക്‌സ്‌റ്റൈല്‍ സെയില്‍സ് ഗേളായ അന്നയും കണ്ടു മുട്ടുന്നതും തുടര്‍ന്ന് അവര്‍ക്കിടയില്‍ രൂപപ്പെട്ടുവരുന്ന പ്രണയം ചിത്രികരിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു. കഥയും കഥാപാത്രങ്ങളും അപരിചിതരല്ല, കാഴ്ചകളിലെ പുതുമകളാണ് പ്രേക്ഷകരെ ചിത്രത്തില്‍ പിടിച്ചിരുത്തുന്ന പ്രധാനഘടകം. അഞ്ചു സംവിധായകര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചു എന്നത് പുതുമയായി അവകാശപ്പെട്ടിരുന്നുവെങ്കിലും അവര്‍ തീര്‍ത്തും കഥാപാത്രങ്ങളായി പരിണമിക്കുന്ന കാഴ്ചയാണ് ചിത്രത്തില്‍ കാണുന്നത്. രഞ്ജിത്ത്, ആഷിഖ് അബു, ജോയ് മാത്യൂ തുടങ്ങിയവര്‍ ചിത്രത്തില്‍ ഉടനീളം പ്രധാനവേഷത്തില്‍ എത്തുന്നു. നായികയായി എത്തിയ ആന്‍ഡ്രിയയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. അന്യഭാഷ നടികള്‍ക്ക് സംഭവിക്കുന്ന പതിവ് പതര്‍ച്ചകള്‍ ഒന്നും ഇല്ലാതെ ഫോര്‍ട്ടുകൊച്ചിക്കാരി അന്നയായി ആന്‍ഡ്രിയ തിളങ്ങി. 22 എഫ് കെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ശ്രിന്റ ചിത്രത്തില്‍ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതൊടൊപ്പം പ്രേക്ഷകരെ രസിപ്പിക്കാനും കഴിഞ്ഞു.

റസൂലിന്റെ ലോകവും ഫഹദിന്റെ അഭിനയവും
ഓരോ ചിത്രത്തിലും വ്യത്യസ്ഥമായ അഭിനയം കാഴ്ചവെക്കുന്നു എന്ന പതിവ് ഇത്തവണയും ഫഹദ് തെറ്റിച്ചില്ല. പ്രണയം മനസുകള്‍ തമ്മിലുള്ള പൊരുത്തമാണ് എന്ന തിരിച്ചറിവിലേക്ക് നായകനെത്തിചേരുന്നിടത്ത് സിനിമയുടെ കഥാഗതിയെ എത്തിക്കുന്നതില്‍ ഫഹദ് വലിയ പങ്കാണ് വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ സന്തോഷ് എച്ചിക്കാനം കാഴ്ചകളിലൂടെയാണ് കഥ പറയാന്‍ ശ്രമിക്കുന്നത്. അച്ചടക്കമുള്ള തിരക്കഥ ആവശ്യപ്പെടുന്നിടത്തെല്ലാം ഹാസ്യവും നല്‍കാന്‍ ശ്രമിക്കുന്നുണ്ട് ഈ ചിത്രത്തിലൂടെ. പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്ന തരത്തില്‍ ആഘോഷിക്കാന്‍ ഒരുക്കിയ ആദ്യ പകുതിയാണ് അതിന്റെ ഏറ്റവും വലിയ തെളിവ്. തീര്‍ത്തും ലളിത സ്വഭാവമുള്ള ഒരു കഥയെ മടുപ്പിക്കാതെ പ്രേക്ഷകര്‍ക്കുമുമ്പില്‍ എത്തിക്കുന്നതില്‍ സംവിധായകനും വിജയിച്ചിട്ടുണ്ട്.

പ്രണയത്തിന്റെ രസമുള്ള കാഴ്ചകള്‍ക്കപ്പുറത്തേക്ക് കഥ വളരുമ്പോള്‍ പ്രേക്ഷകര്‍ ആകംഷയോടെയാണ് കാത്തിരുന്നത്. തുടര്‍ന്നങ്ങോട്ട് രണ്ടാം പകുതിയുടെ മദ്ധ്യത്തില്‍ ഇവരുടെ ജീവിതവും സ്വപ്‌നങ്ങളും മുന്നോട്ട് പോകുകയാണ് മനോഹരമായ ഗനങ്ങളുടെ അകംബടിയോടുകൂടി അന്നയും റസൂലും അരങ്ങുവാഴുകയാണ്. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും തങ്ങളുടെ റോള്‍ മികവുള്ളതാക്കി. കാഴ്കളും കഥകളുമായ അന്നയും റസൂലിന്റെയും പ്രണയ കഥ കാലങ്ങളോളം മനസില്‍ സൂക്ഷിക്കാന്‍ പറ്റും എന്നത് സുനിശ്ചയം. പാട്ടും പ്രണയവും ആസ്വദിക്കുവാന്‍ അന്നയും റസൂലും അരങ്ങില്‍ എത്തി കഴിഞ്ഞു. ടോട്ടല്‍ സിനിമ എന്ന നിലയ്ക്ക് ഇന്നത്തെ മലയാള സിനിമയുടെ മാറുന്ന മുഖമാണ് അന്നയും റസൂലും പറയുന്നത്. തിയ്യറ്ററില്‍ വരി നില്‍കുമ്പോള്‍ ഒരു കാര്യം ഓര്‍ക്കുക ഇതു ഇതുവരെ മലയാളി കണ്ടതും പരിചയിച്ചതും അല്ലാത്ത ദൃശ്യഭാഷയുടെ പുത്തന്‍ ആനുഭവമാണ്. മുന്‍വിധികള്‍ മാറ്റിവച്ച് പ്രണയത്തിന്റെയും പാട്ടിന്റെയും ഈ കഥയില്‍ അലിഞ്ഞു ചേരാന്‍ നിങ്ങള്‍ക്കും പങ്കുചേരാം. ഈ കഥ പറയുന്ന വേഗം നമ്മള്‍ ഒരോരുത്തരുടെയും ജീവിതത്തിന്റെ വേഗമാണ്.
റേറ്റിങ്ങ് 3.5/5

Comments